റാം C/O ആനന്ദി , അതൊരു വലിയ ട്രെൻഡ് ആയിരുന്നു കഴിഞ്ഞ കുറെയേറെ മാസങ്ങൾ. വീട്ടിൽ അത് വാങ്ങി വെച്ചുവെങ്കിലും, ഞാനതു വായിച്ചിരുന്നില്ല. വീണ്ടും ഒരു പുസ്തകമേളം, എല്ലാ വർഷത്തെയും പോലെ ബഹ്റൈനിൽ. ചെറിയ കലകളുടെ സമയം കഴിഞ്ഞു, എല്ലാവരും ഏതാണ്ട് കസേരകൾ ഒഴിഞ്ഞു പോകുമ്പോളാണ്, അഖിൽ പി ധർമജൻ എന്ന നവ പ്രതിഭ നമ്മുടെ മുന്നിലേക്ക് വരുന്നത്, മുപ്പത്തിയൊന്നു വയസ്സുള്ള ആ കലാകാരനെ പരിചയപ്പെടുത്തന്നത് മുതൽ, സത്യത്തിൽ, പോകാനൊരുങ്ങിയ നമ്മളെ പിടിച്ചിരുത്തി. പതിനേഴാം വയസ്സിൽ എഴുതിയ നോവൽ, പ്രസിദ്ധീകരിക്കാൻ ഓടിയ ഓട്ടം, അല്ല ആ നിശ്ചയ ദാർഢ്യമായിരുന്നു അഖിൽ നമ്മോടു പങ്കു വെച്ച ആ കലാ ജീവിതം.
മെർക്കുറി ഐലൻഡും , ഓജോ ബോർഡും കടന്നു 2018 എന്ന അതി ഗംഭീര സിനിമയുടെ സ്ക്രിപ്റ്റും അദ്ദേഹം സ്വന്തമാക്കി. ഒരു പക്ഷെ നേരിട്ട് കേട്ടാൽ, കണ്ണുകൾ അല്പം നനയാതെ എഴുന്നേൽക്കാൻ സാധിക്കില്ല. കഥകൾക്കും നോവലുകൾക്കും ഒരു അനുപമമായ രീതി വേണമെന്നതാണ് മറ്റൊരു പ്രേത്യേകത. സദസ്സിന്റെ വലിപ്പത്തിലും അപ്പുറം അഖിലിന്റെ മനസ്സിന്റെ വലുപ്പവും, ഉറച്ച തീരുമാനത്തിന്റെ ആഴവുമായിരുന്നു അവിടുത്തെ കയ്യടികളിൽ മുഴങ്ങി കേട്ടത്. ഒരു കലാകാരന്റെ ജീവിതത്തിന്റെ ഒരു മുഖ്യ ഭാഗം ചില വാക്കുകളാൽ അവിടെ അനാവരണം ചെയ്യപ്പെട്ടു, അതൊരു പ്രചോദനം കൂടിയാകുന്നുണ്ട്. റാം C/O ആനന്ദി ഒരു സിനിമ ആകാൻ പോകുന്നു എന്നതും സന്തോഷത്തോടെ എല്ലാവരും കയ്യടിച്ചു.
കേരളത്തിലെ കലാകാരന്മാർ എത്രെയോ വളർന്നുവന്നു തോന്നുന്ന ചില നിമിഷങ്ങൾ.
(അനുഭവങ്ങൾ 2024 BKS)
പത്തു ദിവസത്തോളം നീണ്ടു നിന്ന പുസ്തകോത്സവവും ആ നാളുകളിലെ അനുഭവങ്ങളും കേരളത്തിന്റെ, അല്ല ലോകത്തിന്റെ തന്നെ ചെറുതെങ്കിലും ചില പരിച്ഛേദങ്ങൾ തുറന്നു കാട്ടുന്നുണ്ട്. വായന മരിച്ചിട്ടില്ലെങ്കിലും, പൊതുവിൽ ആളുകൾക്ക് വായനയിൽ താത്പര്യക്കുറവ് ഉണ്ടെന്നു അനുഭവപ്പെട്ടു. മലയാളം അന്യം വന്നു പോകുന്നത് പോലെയും തോന്നി, തലമുറയ്ക്ക് ഇംഗ്ലീഷ് പുസ്തകങ്ങളോടാണ് ഇഷ്ടം കൂടുതൽ, അത് എഴുത്തുകാരെയോ, എഴുത്തിനേയോ ആശ്രയിച്ചിട്ടല്ല. ഒരു പാട് പുസ്തകങ്ങളെയും, പുതിയ എഴുത്തുകാരുടെ ആദ്യ കൃതികളും, അഥിതികളായി എത്തിയ എഴുത്തുകാരും, അവരുടെ അനുഭവങ്ങൾ കേൾക്കാനും സാഹിത്യത്തിന്റെ പല ജോർണറുകളും കാണാൻ സാധിച്ചു. അവിടേക്കു കടന്നു ചെല്ലുമ്പോൾ തന്നെ, ഒരു പാട് മനുഷ്യർ പുസ്തകങ്ങൾക്കുള്ളിൽ നിന്നും എന്നെ വിളിക്കുന്നത് പോലെ തോന്നും, അപ്പോൾ അവരുടെ അടുക്കൽ ചെന്ന്, ആരാണെന്നു നോക്കും, അധിക സമയം കിട്ടില്ല, അപ്പോളേക്കും തൊട്ടടുത്ത പുസ്തകത്തിൽ നിന്നും മറ്റൊരാൾ, അങ്ങിനെ, ഓരോ ദിവസവും, പുതിയ മനുഷ്യരെയും അവരുടെ കഥകളും അനുഭവങ്ങളും, ചിലപ്പോളൊക്കെ ഞാനും അവരോടു എന്റെ ആശങ്കകളും, സങ്കടവും സന്തോഷവുമൊക്കെ ഒരു ആത്മഗതം പോലെ ...
Comments
Post a Comment